ഇടുക്കി: പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. മരിച്ച സീതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ കിട്ടിയില്ലെന്ന് ഇടുക്കി എസ്പി ടി.കെ.വിഷ്ണുപ്രദീപ് അറിയിച്ചു.
വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലെത്തിയ സീതയെ കാട്ടാന ആക്രമിച്ചെന്നാണ് ഭർത്താവായ ബിനു പറഞ്ഞത്. ബിനുവും ഒപ്പമുണ്ടായിരുന്നു. എന്നാൽ സീതയുടെ മരണം കൊലപാതകമാണെന്നാണ് കോട്ടയം ഡിഎഫ്ഒ മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ സ്ത്രീയുടെ മരണം കാട്ടാന ആക്രമണം മൂലമെന്നാവർത്തിച്ച് ഭർത്താവ് ബിനു രംഗത്തെത്തിയിരുന്നു. തന്നെ ബലിയാട് ആക്കാനുള്ള ശ്രമം നടക്കുകയാണെന്നും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർക്ക് ഇതിൽ പങ്കുണ്ടെന്നും ബിനു ആരോപിച്ചിരുന്നു.
എന്നാൽ ആക്രമണമുണ്ടായെന്ന് പറയുന്ന സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്.